top of page

ആവണംകോട് സരസ്വതീ ക്ഷേത്രം

ആദി ശങ്കരാചാര്യ സ്വാമികൾ ആദ്യാക്ഷരം കുറിച്ച, പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗ്ഗാലയങ്ങളിൽ പ്രസിദ്ധമായ സ്വയംഭൂ സരസ്വതീ ക്ഷേത്രമാണ് ആവണംകോട് സരസ്വതീ ക്ഷേത്രം. മിഥുനമാസത്തിലെ പൂയ്യം നാളിലാണ് പരശുരാമൻ ക്ഷേത്രത്തിലെ ശിലയിൽ ദേവീചൈതന്യം കണ്ടെത്തിയതും പ്രതിഷ്ഠ നടത്തിയതും.

 നിത്യേന വിദ്യാരംഭം കുറിക്കുവാൻ സാധ്യമായ ഈ സരസ്വതീ സന്നിധിയിൽ ശിലയുടെ ഒരു ഭാഗം മണ്ഡപത്തിന് താഴെ പ്രത്യക്ഷമാണ്. ശിലയുടെ ആ ഭാഗം സരസ്വതിയുടെ വാഹനമായ സിംഹം ആയി ആരാധിച്ചു വരുന്നു. 

സരസ്വതീ ദേവിക്ക് ഒപ്പം പ്രധാന ക്ഷേത്രത്തിൽ ശിവനും, ഗണപതിയും ഉപദേവതമാർ ആയി ആരാധിച്ചു വരുന്നു. മണ്ഡപത്തിൽ തപസ്സ് ചെയ്യുന്ന പരശുരാമ സാന്നിധ്യവും ഉണ്ട്.

നാവ്, മാണി, നാരായം നടക്കൽ സമർപ്പിക്കുന്ന വഴിപാട് ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയാണ്. സംസാര ശേഷിക്കും, കേൾവി ശക്തിക്കും, എഴുതുന്നതിനുള്ള കഴിവിനും ഈ സമർപ്പണം പ്രാധാന്യം ഉള്ളതാകയാൽ വിദ്യാർത്ഥികളും കലാകാരന്മാരും നിത്യേന ഈ വഴിപാട് കഴിച്ചു വരുന്നു. ദേവിക്ക് ശർക്കര നിവേദ്യവും, കടുംപായസവും, താമരമാല സമർപ്പണവും പ്രധാനമാണ്. കൂടാതെ  സാരസ്വതമന്ത്രം ജപിച്ച സേവിക്കാവുന്ന ആയുർവേദ നെയ്യ്, സാരസ്വതഘൃതം, ക്ഷേത്രത്തിൽ നിന്നും ലഭ്യമാണ്.

വൃശ്ചികത്തിലെ കാർത്തിക വിളക്കും കന്നിയിലെ നവരാത്രിയും വിശേഷമാണ്. മീനമാസത്തിലാണു പൂരം. ഉത്രം നാളിൽ ആറാട്ടു വരുന്ന രീതിയിൽ പത്തു ദിവസം മുൻപ് കൊടിയേറും. കിടങ്ങശ്ശേരി തരണനല്ലൂർ രാമൻ നമ്പൂതിരിപ്പാടാണ് തന്ത്രി.

ക്ഷേത്രത്തിനു സമീപമായി രാമഞ്ചിറ ക്ഷേത്രം എന്ന നാമത്തിൽ ഒരു ഉപക്ഷേത്രവും ഉണ്ട്. ശാസ്താവും ഭദ്രകാളിയും ആണ് ഇവിടെ പ്രതിഷ്ഠ.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Contact Us
bottom of page