top of page

ഫെബ്രുവരി 2, 3 തീയതികളിൽ (മകരം 20, 21) വസന്ത പഞ്ചമി ആഘോഷം.

 

മാഘമാസത്തിലെ വെളുത്ത പക്ഷത്തിലെ അഞ്ചാംനാൾ പഞ്ചമിയാണ് വസന്ത പഞ്ചമിയായി ആഘോഷിക്കുന്നത്. വിദ്യാദേവതയായ സരസ്വതീദേവിയെ ഭാരതം മുഴുവൻ പൂജിക്കുന്ന ദിവസമായ വസന്ത പഞ്ചമി അറിവിന്റെയും കലയുടെയും സംഗീതത്തിന്റെയും ദേവിയായ സരസ്വതിദേവിയുടെ പിറന്നാളു കൂടിയാണ്. കേരളത്തിൽ പുരാതനമായ ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ മാത്രമാണ് ഈ ആഘോഷം നടന്നുവരുന്നത്.

പുതിയ സംരംഭങ്ങൾക്കും, ബിസിനസ്സിനും, വിദ്യാരംഭത്തിനും (അക്ഷരാഭ്യാസം), ചോറൂണിനും ഈ ദിവസം ഉത്തമമായി കണക്കാക്കുന്നു. നിത്യേന വിദ്യാരംഭം (അക്ഷരാഭ്യാസം) നടത്താൻ സാധിക്കുന്ന ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ വസന്ത പഞ്ചമി പ്രമാണിച്ചു പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

കുടുംബത്തിൽ സർവൈശ്വര്യം വരുന്നതിനും ദുരിതനിവാരണത്തിനുമായി വസന്ത പഞ്ചമി പൂജയും വ്രതവും അനുഷ്ഠിച്ച് സരസ്വതി ദേവി ഭക്തർ ക്ഷേത്ര ദർശനം നടത്തി വരുന്നു. പുസ്തകങ്ങളും, സംഗീത ഉപകരണങ്ങളും, ചിലങ്കയും വസന്ത പഞ്ചമി ദിനം പൂജക്ക്‌ വെക്കുന്നതിനുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.

ദർശനസമയം രാവിലെ 5.00 മുതൽ 11.30 വരെയും വൈകിട്ട് 5.00 മുതൽ രാത്രി 9.00 വരെ യുമാണ്. രാവിലെ 9.30 മുതൽ 11.30 വരെ വിദ്യാരംഭവും (അക്ഷരാഭ്യാസം), ചോറൂണും നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

വിദ്യയുടെ അധിദേവതകളായ പ്രഥമ ഗുരു ദക്ഷിണാമൂർത്തിയും, ഗണപതിയും, സരസ്വതിയും സമ്മേളിക്കുന്ന സങ്കേതമായ സരസ്വതി ക്ഷേത്രത്തിൽ വിജയദശമി കഴിഞ്ഞാൽ വിദ്യാരംഭം (അക്ഷരാഭ്യാസം)  കുറിക്കാനുള്ള ഒരു ശ്രേഷ്ഠദിനം കൂടിയാണ് വസന്ത പഞ്ചമി. തന്ത്രി പ്രതിനിധി നാരായണമംഗലത്ത് ഇല്ലത്തു ശ്രീ. ഗോവിന്ദൻ നമ്പൂതിരി ഉൾപ്പടെ അധ്യാപകരും, പണ്ഡിത ശ്രേഷ്ഠരും അടങ്ങിയ ആചാര്യന്മാർ ഉണ്ടായിരിക്കും.

വസന്ത പഞ്ചമിയുടെ ഭാഗമായി ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ പുഷ്പ്പാഞ്ജലികളും, വിശേഷാൽ പൂജകളും, നിവേദ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. വിദ്യാർത്ഥികൾക്കും കലാകാരന്മാർക്കും ഉത്തമമായ സാരസ്വത മന്ത്രം ജപിച്ച സേവിക്കാൻ സാധിക്കുന്ന ആയുർവ്വേദ നെയ്യ് ക്ഷേത്രത്തിൽ ലഭ്യമായിരിക്കും. ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയായ നാവ്-മണി-നാരായം സമർപ്പണം വിശേഷാലായി ചെയ്യുവാൻ സാധിക്കും. വിശേഷാൽ പൂജകളും, നിറമാല ചുറ്റുവിളക്കും, ഭക്തർക്ക് വഴിപാടായി ചെയ്യാവുന്നതാണ്. മലർപ്പറ, വിദ്യാവാഗീശ്വരി പൂജ തുടങ്ങിയ പ്രധാന വഴിപാടുകൾ കഴിക്കുവാൻ സാധിക്കും. രാവിലെ വിശേഷാൽ മഹാസരസ്വതി പൂജയും, സരസ്വതി പൂജകളും, വേദ മന്ത്രജപങ്ങളും, പുരാണ പാരായണങ്ങളും, കീർത്തനാലാപനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

4 -മത് വസന്ത പഞ്ചമി സംഗീതോത്സവം അരങ്ങേറും. സരസ്വതി ദേവിക്ക് ഏറെ പ്രിയപ്പെട്ട വീണ കച്ചേരിയും, വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത സദസ്സും ഉണ്ടായിരിക്കുന്നതാണ്.

bottom of page