top of page

Avanamcode Saraswathi Temple

Ma Saraswathy Devi
DSC_6811.JPG

നവരാത്രി മഹോത്സവം

നവരാത്രി ഇന്ത്യയിലെ പ്രധാനപ്പെട്ട ഹിന്ദു ഉത്സവങ്ങളിലൊന്നാണ്. “നവ” എന്നത് ഒൻപത് എന്നും “രാത്രി” എന്നത് രാത്രികൾ എന്നും അർഥം വരുന്നുവെന്ന് പോലെ, ഒൻപത് രാത്രികളിലും പത്ത് ദിവസങ്ങളിലും ഈ ഉത്സവം ആഘോഷിക്കപ്പെടുന്നു. ദുർഗ്ഗാദേവിയുടെ വിവിധ രൂപങ്ങളെയാണ് ഈ ദിവസങ്ങളിൽ ആരാധിക്കുന്നത്.

ശ്രീദുർഗ്ഗാദേവി, ശ്രീമഹാലക്ഷ്മി, ശ്രീ സരസ്വതി എന്നീ മൂന്ന് ഭാവങ്ങളിലായി പരാശക്തിയെ ഉപാസിക്കുന്ന സമ്പ്രദായം നമ്മുടെ പൂർവ്വികരായ മഹർഷിമാർ അരുളി ചെയ്തിട്ടുണ്ട്. പ്രപഞ്ചത്തിലെ ദുഷ്ടശക്തികളെ ഇല്ലാതാക്കുന്ന ദുർഗ്ഗയും എല്ലാവർക്കും അനുഗ്രഹം ചൊരിയുന്ന മഹാലക്ഷ്മിയും, ജ്ഞാനം പകർന്ന് ഉയർന്ന തലത്തിലേക്ക് കൈപിടിച്ച് ഉതകുന്ന സരസ്വതിയും ശക്തിസ്വരൂപിണിയുടെ വിവിധ രൂപഭാവങ്ങളെ മനസ്സിലാക്കി തരുന്നു. മനുഷ്യരാശിയുടെ സർവ്വതോന്മുഖമായ പുരോഗതിയ്ക്ക് ദേവിയുടെ വിവിധ ഭാവങ്ങളിലൂടെയുള്ള ഉപാസന പര സഹസം വർഷങ്ങളായി നാം ആചരിച്ച് വരുന്നതാണ്. മുന്ന് ദിവസങ്ങളിൽ ദുർഗ്ഗയായും മുന്ന് ദിവസങ്ങളിൽ ലക്ഷ്മിയായും മൂന്ന് ദിവസങ്ങളിൽ സരസ്വതിയായും ദേവിയെ പൂജിച്ച് സംപ്രീതയാക്കുന്ന ഈ ഒൻപത് ദിവസങ്ങൾ " നവരാത്രം' എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. നവരാത്രി സരസ്വതി പൂജകളിലൂടെ ശക്തി, സമ്പത്ത്, ജ്ഞാനം എന്നീ മൂല്യങ്ങളുടെ പ്രാധാന്യം മനുഷ്യജീവിതത്തിൽ എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുന്നു.

ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ദിനങ്ങൾ സരസ്വതിപൂജയോടും വിദ്യാരംഭത്തോടും സംഗീത-നൃത്ത ആരാധനകളോടും പൂജാവെപ്പോടും ബന്ധപ്പെട്ട് പ്രത്യേകമായി ആഘോഷിക്കുന്നു. വിദ്യാദേവത ജഗദംബിക സരസ്വതീ ഭാവത്തിൽ കുടി കൊള്ളുന്ന ആവണംകോട് ക്ഷേത്രത്തിൽ നവരാത്രി പ്രസിദ്ധമാണ്. കലാകാരന്മാരും വിദ്യാർത്ഥികളും ഈ പുണ്യസങ്കേതത്തിൽ ദർശനത്തിനു വന്നു ചേരുന്നു. ഗുരുക്കന്മാർ, ആചാര്യന്മാർ കുരുന്നുകൾക്ക് ഹരിശ്രീ കുറിക്കുന്നതും ഈ ക്ഷേത്രത്തിൽ തന്നെ.

നവരാത്രിയുടെ ഭാഗമായി തന്ത്രിയുടെ നേത്രത്വത്തിൽ ദ്വാദശാക്ഷരി ലക്ഷാർച്ചനയും നവരാത്രി പൂജകളും നടത്തി വരുന്നു. ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയായ സാരസ്വതഘൃതം തയ്യാറാക്കുന്നതും നവരാത്രി ദിനങ്ങളിലാണ്. ക്ഷേത്രതിനകത്ത് അലങ്കരിച്ച സരസ്വതി മണ്ഡപത്തിൽ പുസ്തകങ്ങളും, സംഗീത ഉപകരണങ്ങളും, ചിലങ്കയും, ആയുധങ്ങളും പൂജയ്ക്ക് വെക്കാൻ ഭക്തജനങ്ങൾ ദൂര ദേശങ്ങളിൽ നിന്ന് വരെ എത്തുന്നു. ക്ഷേത്ര മതിൽക്കകത്തുള്ള നവരാത്രി മണ്ഡപത്തിൽ സംഗീത-നൃത്ത വിദ്യാർത്ഥികൾ സംഗീതാരാധനയും നൃത്താരാധനയും ദേവിക്ക് സമർപ്പിക്കുന്നു.

വിദ്യയുടെ അധിദേവതകളായ പ്രഥമ ഗുരു ദക്ഷിണാമൂർത്തിയും, ഗണപതിയും, സരസ്വതിയും സമ്മേളിക്കുന്ന സങ്കേതമായ ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ നവരാത്രി വിജയദശമി ദിനത്തിൽ വിശേഷാൽ ആയും, മഹാനവമി ദിനം ഒഴികെ ഉള്ള ദിനങ്ങളിൽ പ്രത്യേകമായും വിദ്യാരംഭം നടത്താൻ സാധിക്കും. അധ്യാപകരും, പണ്ഡിത ശ്രേഷ്ഠരും, കലാകാരന്മാരും അടങ്ങിയ പതിനഞ്ചോളം ആചാര്യന്മാർ ഉണ്ടായിരിക്കും.

9446061160, 9846151002

©2023 by Avanamcode Saraswathi Temple.

bottom of page